
തിരുവനന്തപുരം: 12 കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിൽ നടക്കും.
പൂജ ബംപറിനായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. കടകളിൽ ശേഷിക്കുന്ന ടിക്കറ്റുകൾ നറുക്കെടുപ്പ് ആരംഭിക്കുന്ന ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ വിൽക്കാൻ അവസരമുണ്ട്.
ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്കു പുറമെ ആകർഷകമായ മറ്റ് സമ്മാനങ്ങളും ഇത്തവണയുണ്ട്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും.
പൂജ ബംപർ നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റുകൾ വിപണിയിലെത്തും. പുതിയ ബംപർ ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.











